സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴക്കെടുതികൾ രൂക്ഷമായി. സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് മാത്രമല്ല ഒമ്പതു പേർക്ക് മഴക്കെടുതിയിൽ ജീവനഷ്ടവും ഉണ്ടായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി അഞ്ചു പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ 66 ക്യാമ്പുകളിലായി 1894 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ പറഞ്ഞു. മെയ് 29 ന് മാത്രം 19 ക്യാമ്പുകള്‍ തുടങ്ങിയിരുന്നു, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുവാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു. ആറു ലക്ഷത്തോളം പേർക്ക് താമസിക്കാന്‍ പാകത്തിന് നാലായിരത്തോളം ക്യാമ്പുകള്‍ തുറക്കുവാന്‍ വേണ്ട നടപടികളും പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്ച മാത്രം ഏഴു വീടുകള്‍ പൂര്‍ണമായി തകരുകയും, 181 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകൾ വ്യക്തമാക്കുന്നത്.