നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. എകെജി സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. മുൻ എംഎൽഎയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ്, നിലമ്പൂര്‍ സ്വദേശി കൂടിയാണ്. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്.
ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പിവി അൻവർ രാജിവച്ച ഒഴിവിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്യാടൻ ഷൌക്കത്ത് ആണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി. നിലമ്പൂർ മുൻ എംഎൽഎയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദിന്റ മകനാണ് ഷൌക്കത്ത്.