അക്കാര്യം തൃണമൂൽ കേരള ഘടകം തീരുമാനിച്ചു, അൻവർ തന്നെ നിലമ്പൂരിൽ മത്സരിക്കട്ടെ. എന്തിനാ യു ഡി എഫ് നേതാക്കളുടെ കാലു തിരുമ്മി, എടുക്കോ എടുക്കോ എന്നു ചോദിച്ച് പിറകേ നടക്കുന്നത് ? അൻവർ നിലമ്പൂരിൽ മത്സരിച്ചാൽ പലതും നടക്കും എന്നു തന്നെയാണ് തൃണമൂലിൻ്റെ കണക്കു കൂട്ടൽ. അൻവർ ആണെങ്കിൽ ഓടി നടന്ന് യു ഡി എഫ് നേതാക്കളെ പേരെടുത്തു പറഞ്ഞ് തെറി പറയുന്നുമുണ്ട്.
വി ഡി സതീശനാണ് തൻ്റെ മുഖ്യശത്രു എന്ന നിലപാടിലാണ് ഇപ്പോൾ അൻവർ എത്തിയിരിക്കുന്നത്. കെ സി വേണുഗോപാൽ തനിക്ക് അനുകൂല നിലപാടെടുത്ത നേതാവാണെന്നും എന്നാൽ വി ഡി സതീശൻ വേണുഗോപാലിനെ തൻ്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അൻവർ പറയുന്നു. താനുമായി വേണുഗോപാൽ ചർച്ച നടത്തിയാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് താൻ പറവൂരിലേക്ക് വണ്ടി കയറുമെന്നാണ് സതീശൻ പറഞ്ഞത് – അൻവർ ഇന്നലെ പറഞ്ഞു.
ഈ സാഹചര്യത്തിൽ പി വി അൻവർ തന്നെ മത്സരിക്കണമെന്ന് തൃണമൂൽ യോഗത്തിൽ അഭിപ്രായമുണ്ടാവുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ യു ഡി എഫ് സ്ഥാനാർത്ഥിയാക്കരുത് എന്ന് നേരത്തേ തന്നെ അൻവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ഇനി യു ഡി എഫിൽ തങ്ങളെ ഘടക കക്ഷിയായി ഉൾപ്പെടുത്തിയാൽ മാത്രമേ ആ ഭാഗത്ത് തങ്ങൾ ഉണ്ടാകൂ എന്ന നിലപാടിലാണ് പി വി അൻവർ നയിക്കുന്ന തൃണമൂൽ കേരളഘടകം ഇപ്പോൾ എത്തിയിരിക്കുന്നത്.