ഹോമിയോപ്പതിക്കെതിരെ വ്യാജപ്രചാരണം നടത്തിയാൽ കുടുങ്ങും
ഹോമിയോപ്പതി രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിനും ചർമ്മരോഗങ്ങൾ, സൗന്ദര്യവർദ്ധക ചികിത്സ എന്നിവ ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കും ചികിത്സിക്കാനുള്ള പൂർണ്ണ അധികാരം നൽകുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു. ഏതെങ്കിലും രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ നൽകരുത് എന്ന പേരിൽ ചില സംഘടനകളും വ്യക്തികളും വ്യാജപ്രചരണം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതും നിയമവിരുദ്ധവുമാണന്നും സംസ്ഥാന മെഡിക്കൽ കൗൺസിൽ അറിയിച്ചു. കൂടാതെ ചില ആശുപത്രികളുടെയും ഡോക്ടർമാരുടെയും പ്രിസ്‌ക്രിപ്ഷനിലും ഡിസ്ചാർജ് സമ്മറിയിലും മറ്റും ഹോമിയോപ്പതിക്ക് എതിരെയുള്ള പ്രസ്താവനകൾ ഉൾപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്.
മെഡിക്കൽ പ്രാക്ടീഷണർമാർ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത യോഗ്യതകൾ ചികിത്സാകേന്ദ്രത്തിലോ ബോർഡിലോ ലെറ്റർപാഡിലോ വിസിറ്റിംഗ് കാർഡിലോ പരസ്യങ്ങളിലോ പ്രദർശിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവകാശവാദങ്ങളോടെ സോഷ്യൽ മീഡിയയിലും മറ്റും പരസ്യം ചെയ്യുന്നതും മെഡിക്കൽ നൈതികതക്ക് നിരക്കാത്തതും ഒഴിവാക്കേണ്ടതുമാന്നും കൗൺസിലിൻ്റെ അറിയിപ്പിൽ പറയുന്നു. രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിനെ മാത്രം ചികിത്സക്കായി സമീപിക്കണമെന്നും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യാജ ചികിത്സകരിൽ നിന്നും ചികിത്സ തേടുന്നത് ഒഴിവാക്കണമെന്നും അത്തരക്കാരെ കുറിച്ച് വിവരം ലഭിക്കുകയോ ഹോമിയോപ്പതിക്കെതിരായ വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ സംസ്ഥാന മെഡിക്കൽ കൗൺസിലിനെ അറിയിക്കണമെന്നും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഹോമിയോപ്പതി വിഭാഗം അറിയിച്ചു.
