കൊച്ചി തീരത്ത് എംഎസ്സി എൽഎസ്എ 3 എന്ന കണ്ടെയ്നർ കപ്പൽ പൂർണ്ണമായി മുങ്ങിയതിനെത്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതീവ ജാഗ്രതയിലാണ്. മലിനീകരണ നിയന്ത്രണത്തിനായി ജാഗ്രത പുലർത്തണമെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. ലൈബീരിയൻ പതാകയുള്ള കപ്പലിലെ 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയായി ഇന്നലെയാണ് അപകടമുണ്ടായത്.
640ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. കമറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് കാർഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചതെന്നും വിവരമുണ്ട്. കേരള തീരത്ത് ഐസിജി നിരീക്ഷണം ശക്തമാക്കുകയും മലിനീകരണ പ്രതികരണ നടപടികൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. എണ്ണ ചോർച്ച മാപ്പിംഗ് സാങ്കേതികവിദ്യ ഘടിപ്പിച്ച വിമാനങ്ങൾ നിലവിൽ പ്രദേശം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ എണ്ണ ചോർച്ച കണ്ടെത്തിയിട്ടില്ല.