ആലുവയിൽ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ് പ്രതി. പ്രതിയെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തലിനെ തുടർന്നാണ് റിമാൻഡ്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് പീഡനം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്തായിരുന്നു പീഡനം. ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുമ്പാണ് പെൺകുഞ്ഞിന്റെ പോസ്റ്റുമോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തിയിരുന്നു. പിന്നാലെ പോസ്റ്റുമോർട്ടത്തിൽ വിശദമായ പരിശോധന നടന്നു. ക്രൂരപീഡനം തെളിഞ്ഞതോടെ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ള ബന്ധുക്കളിലേക്ക് പൊലീസ് അന്വേഷണം നീളുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.