പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ജീവനെടുത്ത മധുവിന്റെ അമ്മ മല്ലിക്ക് തന്റെ മകന്റെ ഓർമ്മകള്‍ ഉളള മണ്ണിന്റെ കൈവശാവകാശ രേഖ നല്‍കി സർക്കാർ.
വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം മധുവിന്റെ അമ്മയായ മല്ലിക്ക് സ്വന്തം പേരില്‍ പതിച്ചു കിട്ടിയത്.
കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ സംഘടിപ്പിച്ച പട്ടയ മേളയില്‍ മന്ത്രി കെ രാജന്റെ കൈയില്‍ നിന്നാണ് മല്ലി ഭൂമിയുടെ രേഖകള്‍ ഏറ്റു വാങ്ങിയത്.
”ഞങ്ങള്‍ ജനിച്ചു വീണ മണ്ണാണത്. കാട്ടിനുള്ളിലാണ്. അപ്പനപ്പൂപ്പന്മാരും ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. മധു ജനിച്ചത് ചിണ്ടക്കിയിലാണെങ്കിലും അച്ഛൻ മരിച്ചതോടെ പത്താം വയസ്സു മുതല്‍ കടുകുമണ്ണയിലുണ്ടായിരുന്നു.
വർഷങ്ങളോളം അവിടെ താമസിച്ച ശേഷമാണ് തിരിച്ച് ചിണ്ടക്കിയിലേക്ക് മാറിയത്. കടുകുമണ്ണയില്‍ സ്വന്തമെന്നു പറയാൻ ഇതുവരെ കടലാസൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതായി”- മല്ലി പറയുന്നു.
മല്ലിയും കുടുംബവും നിലവില്‍ മധു ജനിച്ചു വളർന്ന ചിക്കണ്ടിയിലാണ് താമസം. ഈ ഭൂമിയില്‍ തന്നെ തിന, റാഗി, ചാമ, ചോളം തുടങ്ങിയവയെല്ലാം കൃഷി ചെയ്താണ് മല്ലി ജീവിക്കുന്നത്.
മല്ലിക്ക് ലഭിച്ചിരിക്കുന്ന കടുകുമണ്ണയിലെ ഭൂമി വനം വകുപ്പിന്റെ കീഴിലുള്ളതാണ്. ഇവിടെ അറുപതോളം പ്രാക്തന ഗോത്ര വിഭാഗക്കാരായ കുടുംബങ്ങള്‍ ഉണ്ട്.
നിലവില്‍ 30 ൽ അധികം കുടുംബങ്ങള്‍ക്കാണ് വനാവകാശ രേഖ ലഭിച്ചിട്ടുള്ളത്. അതേ സമയം കേന്ദ്ര വനാവകാശ നിയമപ്രകാരം മല്ലിക്കു നല്‍കിയ ഭൂമി വില്‍ക്കാനോ മറ്റു ക്രയ വിക്രയങ്ങള്‍ നടത്താനോ സാധിക്കില്ല. കുടുംബത്തിലെ അവകാശികള്‍ക്കു മാത്രമേ ഭൂമി കൈമാറാനാകു.