വയനാട് ജില്ലയിലെ മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ 2020 നവംബറിനും 2021 ജനുവരിക്കും ഇടയില്‍ നടന്ന അനധികൃത ഈട്ടിമരം മുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതൽ ശ്രദ്ധയും നിരീക്ഷണവും ആവശ്യപ്പെട്ട് പുതിയ ചീഫ് സെക്രട്ടറി ഡോ : എ ജയതിലകിന് കത്ത് ജില്ലാ ഗവൺമെൻ്റ് പ്ലീഡറും പബ്ലിക് പ്രോസിക്യുട്ടറുമായിരുന്ന അഡ്വ : ജോസഫ് മാത്യുവാണ് കത്ത് അയച്ചിരിക്കുന്നത്.
2020 ഒക്ടോബര്‍ 24ന് ഡോ : എ ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് പൊതു ഖജനാവിന് കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയ ഈട്ടിമരം മുറിയ്ക്കൽ നടന്നതെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധ മരംമുറിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച കേസില്‍ സ്വീകരിച്ച നടപടികളെയും പരിസമാപ്തിയെയും കുറിച്ച് നിലവില്‍ ആര്‍ക്കും മിണ്ടാട്ടമില്ലെന്നും കത്തില്‍ പറയുന്നു.
റവന്യു പട്ടയഭൂമികളിലെ മരങ്ങള്‍ പൊതുമുതലായി സംരക്ഷിച്ചുവന്നതും 2020 ഓഗസ്റ്റ് 21ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിക്കാന്‍ അനുമതി ഇല്ലാത്തതുമാണ്. ഹൈക്കോടതി ഉത്തരവ് അവഗണിച്ച് ഇറക്കിയ ഉത്തരവാണ് നിയമവിരുദ്ധമായി മരങ്ങള്‍ മുറിക്കുന്നതിന് ഇടയാക്കിയത്. റവന്യു വകുപ്പിന്റെ 2020 മാര്‍ച്ച് 11ലെ പരിപത്രവും 2020 ഓഗസ്റ്റ് 21ലെ ഉത്തരവും നിയമ പ്രാബല്യം ഇല്ലാത്തതാണെന്നു 2021 ജൂലൈയില്‍ മരംമുറിക്കേസിലെ പ്രതികളില്‍ ചിലരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളുടെ ഗൗരവം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാണാതെപോകരുത്. അനധികൃത മരംമുറി കൂട്ടക്കൊലയ്ക്ക് തുല്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമപരമായ അനുമതിയില്ലാതെ മരങ്ങള്‍ മുറിക്കുന്നവരെ കര്‍ശന ശിക്ഷയ്ക്ക് വിധേയമാക്കണമെന്നു കോടതി അഭിപ്രായപ്പെടുകയുമുണ്ടായി.
മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടമുറിയുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയില്‍ ആരംഭിച്ച കെ എല്‍ സി നടപടികള്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഇതിനു കാരണം റവന്യു അധികാരികള്‍ വ്യക്തമാക്കേണ്ടതുണ്ട്. നിയമവിരുദ്ധ മരംമുറി സ്വതന്ത്ര ഏജന്‍സിയോ അല്ലെങ്കില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലോ അന്വേഷിക്കുന്നതിന് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേ സംസ്ഥാന പൊലീസ് മേധാവി, വനം മേധാവി, അഡ്വക്കറ്റ് ജനറല്‍ എന്നിവര്‍ ബോധിപ്പിച്ച കാര്യങ്ങള്‍ പരിശോധിക്കണം. ഈ ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ 65 മുതല്‍ 68 വരെ ഖണ്ഡികകളിലുള്ള നിരീക്ഷണങ്ങള്‍ പ്രത്യേകം കാണേണ്ടതുണ്ട്.
ഈട്ടിമുറിയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സി ജെ എം, ബത്തേരി ജെ എഫ് സി എം കോടതികളിലുള്ള കേസുകളില്‍ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ 2024 ഏപ്രിലിനുശേഷം ഉദ്യോഗസ്ഥര്‍ കേസ് വിഷയത്തില്‍ ബന്ധപ്പെടുന്നില്ല. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നു തന്നെ നീക്കിയെന്നാണ് മാധ്യമങ്ങളിലൂടെ അറിയാനിടയായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പിക്കും തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അഡ്വ : ജോസഫ് മാത്യുവിന്റെ കത്തില്‍ പറയുന്നു.