ഷൈൻ ടോം ചാക്കോക്ക് സ്റ്റേഷൻ ജാമ്യം, മൂന്നു കുറ്റങ്ങൾചുമത്തി

At Malayalam
1 Min Read

രാസലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് ഷൈൻ പുറത്തിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് അയക്കുമ്പോൾ മാത്രം ഷൈൻ ഇനി ഹാജരായാൽ മതി എന്നാണ് വ്യവസ്ഥ. കേസുമായി ബന്ധപ്പെട്ട് ഷൈൻ നൽകിയ മൊഴി പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. രാസ ലഹരിയായ മെത്ത ഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്ന് നടൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തെ ഡി – അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നെന്നും ഷൈൻ നൽകിയ മൊഴിയിലുണ്ട്. ലഹരി ഉപയോഗം കൂടിയോടെ തൻ്റെ പിതാവ് ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡി – അഡിക്ഷൻ സെന്ററിൽ കൊണ്ടു പോയത്. 12 ദിവസത്തെ ചികിത്സ കഴിഞ്ഞ് അവിടെ നിന്ന് മടങ്ങിയെന്നും പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ മൂന്നു വിഭാഗങ്ങളായി തിരിഞ്ഞാണ് ഷൈനിനെ ചോദ്യം ചെയ്തത്. മൂന്നു സംഘങ്ങളുടെ ചോദ്യം ചെയ്യലിൽ ഷൈൻ പതറിയെന്നാണ് പൊലിസ് നൽകുന്ന വിവരം. ചോദ്യം ചെയ്യലിനിടെ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ആദ്യം നൽകിയതെങ്കിലും സൈബർ രേഖകൾ ഷൈനിന് മുന്നിലെത്തിയതോടെ അറിയാമെന്ന് സമ്മതിക്കുകയും ചെയ്തു. ഷൈൻ സജീറുമായി നടത്തിയ ചില ഫോൺകോളുകളുടെ വിവരങ്ങളാണ് സൈബർ വിഭാഗം ഷൈനിനു കാട്ടിക്കൊടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ആയതോടെയാണ് താൻ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് ലഹരി സംഘങ്ങളുമായി ഇടപാടുണ്ടെന്നും ഷൈൻ ടോം ചാക്കോ പൊലീസിനു മുന്നിൽ സമ്മതിച്ചത്.

Share This Article
Leave a comment