അനുഭാവപൂർവം പരിഗണിച്ചാൽ തങ്ങൾ വിട്ടു വീഴ്ചക്കു തയ്യാറെന്ന് തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശാ സമര സമിതി. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അയച്ച തുറന്ന കത്തിലാണ് ആശമാർ ഇങ്ങനെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. സമരം അവസാനിപ്പിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അവർ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ പരമാവധി വിട്ടുവീഴ്ചക്കു തയ്യാറാകണം. തങ്ങൾ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന നിലപാടാണ് ആശമാർ ചർച്ചയിൽ ഉടനീളം സ്വീകരിച്ചതെന്ന് ആശാ നേതാക്കൻമാരുമായി സർക്കാരിനു വേണ്ടി അവസാനം ചർച്ച നടത്തിയ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് അംഗീകൃത തൊഴിലാളി സംഘടനകളോട് കൂടി ആലോചിക്കുക പോലും ചെയ്യാതെയാണ് ആശമാർ സമരത്തിനിറങ്ങിയതെന്ന് എം എ ബേബി പറഞ്ഞു. ഇതിനോടകം സർക്കാരിൻ്റെ ഭാഗത്തു നിന്ന് സമരം ഒത്തു തീർപ്പാക്കുന്നതിനായി രണ്ടു മന്ത്രിമാർ ചർച്ച നടത്തി. പരമാവധി സാധ്യമായ സഹായ നടപടികളും ആശമാർക്കു മുന്നിൽ വച്ചു, എന്നാൽ ആശമാർ സമരത്തിൽ തന്നെ ഉറച്ചു നിന്നു. ഇനി എന്ത് നടപടി വേണമെന്ന് ആശമാർ തന്നെ തീരുമാനിച്ചോട്ടെ എന്നാണ് സർക്കാർ നിലപാട്.
സ്ത്രീ തൊഴിലാളികളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നും സങ്കുചിതമായ രാഷ്ട്രീയം അതിൽ കാണരുതെന്നും ആശമാർ പറയുന്നു. സമരം 59 ദിവസം പിന്നിടുമ്പോഴാണ് ആശമാർ സമവായ മാർഗ സാധ്യത തേ എം എ ബേബിക്ക് കത്തയച്ചത്.