കൃഷ്ണപ്രിയയുടെ അച്ഛൻ മരിച്ചു

At Malayalam
1 Min Read

മലപ്പുറത്തെ കൃഷ്ണപ്രിയയേയും അച്ഛനായ ശങ്കരനാരായണനേയും ഓർമയില്ലേ ? അത്ര പെട്ടന്നൊന്നും കേരളം ഇരുവരേയും മറക്കാൻ സാധ്യതയില്ല. 2001 ഫെബ്രുവരി മാസത്തിലാണ് മഞ്ചേരി ചാരങ്കാവിൽ ശങ്കരനാരായണൻ്റെ ഏഴാം ക്ലാസുകാരിയായ മകൾ കൃഷ്ണപ്രിയ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ചത്. ശങ്കരനാരായണൻ്റെ അയൽവാസി കൂടിയായ ചാരങ്കാവിൽ കുന്നുമ്മൽ മുഹമ്മദ് കോയ എന്ന 24 വയസുള്ള യുവാവാണ് 12 കാരിയായ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്തു കൊന്നത്.

സ്കൂളിൽ പോയി മടങ്ങി വന്നതായിരുന്നു പെൺകുട്ടി. തുടർന്ന് പ്രതിയെ കോടതി തടവിന് ശിക്ഷിച്ചു. ശിക്ഷക്കിടെ ഇയാൾ 2002 ൽ ജൂലൈയിൽ പരോളിലിറങ്ങി നാട്ടിലെത്തി. ജാമ്യത്തിൽ എത്തിയ മുഹമ്മദ് കോയയെ ശങ്കരനാരായണൻ വെടി വച്ച് കൊന്നു. കോടതി ശങ്കരനാരായണനേയും രണ്ടു സഹായികളേയും ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു.

2006 ൽ കേസിൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഹൈക്കോടതി ഇവരെ വെറുതേവിട്ടു. മൃതദേഹം വീണ്ടെടുക്കുന്നതിൽ പൊലിസിനു വീഴ്ച പറ്റിയിരുന്നു, ക്രിമിനലായ പ്രതിക്ക് മറ്റു ശത്രുക്കളും ഉണ്ടായിരുന്നിരിക്കാം. അവരാകാം പ്രതിയെ കൊലപ്പെടുത്തിയത് എന്ന വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

- Advertisement -

മകളുടെ മരണശേഷം ശങ്കരനാരായണൻ ശരിക്ക് ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. എന്നും മകളെയോർത്ത് കരയുമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം അവശനായിരുന്നു ശങ്കരനാരായണൻ. 75 കാരനായ അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്.

Share This Article
Leave a comment