നിലമ്പൂർ വനത്തിനുള്ളിൽ മൂന്നു കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം നാലു ദിവസത്തോളം പഴക്കമുള്ള കാട്ടാനകളുടെ ജഡമാണ് കണ്ടെത്തിയത്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നുമാണ് 10 വയസോളം പ്രായമുള്ള കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മരുത എന്ന സ്ഥലത്തു നിന്ന് ഏകദേശം 20 വയസു പ്രായം വരുന്ന ആനയുടെ ജഡവും കണ്ടെത്തിയിരുന്നു.
രോഗം ബാധിച്ച ആനകളാണ് ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതു രണ്ടും കൂടാതെ കരുളായി ഭാഗത്തു നിന്നും ഒരു കൊമ്പനാന കുട്ടിയുടെ ജഡവും കണ്ടെത്തിയിരുന്നു. ഏകദേശം 6 മാസം പ്രായം വരുന്ന ആനക്കുട്ടിയാണിത്. കടുവ ആക്രമിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. രാത്രിയിൽ ഈ ഭാഗങ്ങളിലെല്ലാം ആനയുടെ അലർച്ച കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. വനം വകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.