സംസ്ഥാനത്തെ സ്കൂളുകളിലെ അന്തരീക്ഷം മൊത്തത്തിൽ മാറ്റുന്നതിനുള്ള നടപടികളുമായി സർക്കാർ. വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദം ഒഴിവാക്കുന്നതിനായി സൂംബാ ഡാൻസ്, യോഗ ക്ലാസുകൾ തുടങ്ങിയവ നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിലാണ് മുഖ്യമന്ത്രി ഇത്തരം നിർദേശങ്ങൾ കൂടി മുന്നോട്ടു വച്ചത്. അടുത്ത അധ്യായന വർഷം മുതൽ ഇക്കാര്യങ്ങൾ നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻ കുട്ടിയും പറഞ്ഞു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും.
തീഷ്ണമായ ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ കുട്ടികളുടെ സിലബസിൽ നേരത്തേ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കാലക്രമത്തിൽ അത് ഇല്ലാതായിട്ടുണ്ട്. ഇക്കാര്യം എസ് സി ഇ ആർ ടി പുന:പരിശോധിക്കും. കൂടാതെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശാരീരിക – മാനസിക ഉണർവുണ്ടാക്കുന്നതിനായി പ്രത്യേക വ്യായാമങ്ങളും കായിക വിനോദങ്ങളും ഏർപ്പെടുത്തും. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലും തിരിച്ചും, രക്ഷാകർത്താക്കളും അധ്യാപക – വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കൂട്ടായ പരിശ്രമം ഉണ്ടാക്കാനുള്ള നടപടികൾക്കു രൂപം നൽകാനും ശില്പശാലയിൽ തീരുമാനമായി.
