വിമാന യാത്രക്കൊരുങ്ങി ലഗേജുമായി എയർപോർട്ടിലെത്തിയാൽ സുരക്ഷാ പരിശോധനക്കിടെ ബന്ധപ്പെട്ട ജീവനക്കാർ ലഗേജിൽ എന്തൊക്കെയാണുള്ളതെന്ന് യാത്രികരോട് ചോദിക്കുക പതിവാണ്. എന്നാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കായി എത്തിയ എറണാകുളം കരുവേലിപ്പടി സ്വദേശിയായ നിഥിന് ഈ ചോദ്യം അത്രക്കങ്ങ് രസിച്ചില്ല.
ജീവനക്കാരുടെ ആവർത്തിച്ചുള്ള ചോദ്യം നിഥിനെ പ്രകോപിപ്പിച്ചു. തക്ക മറുപടിയും അപ്പോൾ തന്നെ അയാൾ നൽകി. എൻ്റെ ബാഗിൽ ബോംബാണ്, എന്താ പ്രശ്നമുണ്ടോ?, എന്നായി നിഥിൻ. മറുപടി കേൾക്കേണ്ട താമസം സുരക്ഷാ ജീവനക്കാർ നിഥിനെ മുന്നോട്ടു പോകാൻ അനുവദിക്കാതെ തടഞ്ഞു നിർത്തി വിശദമായ പരിശോധന തുടങ്ങി. പരിശോധന തുടരുന്നതിനിടെ നിഥിൻ്റെ വിമാനവും പോയി. ഒടുവിൽ നെടുമ്പാശേരി പൊലിസെത്തി നിഥിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു.