തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടകൊലപാതകത്തിനു പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെ എന്ന് പൊലിസ്. ഇതിനു കാരണം പ്രതിയായ അഫാൻ്റെയും മാതാവിൻ്റെയും ധൂർത്ത് തന്നെയെന്നും പൊലിസ് പറയുന്നു. കയ്യിൽ പത്തു പൈസ ഇല്ലാതിരിക്കുന്ന സമയത്താണ് അഫാൻ രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്ക് വാങ്ങുന്നത്. അഫാനെയും പിതാവായ റഹിമിനേയും ഒരുമിച്ചിരുത്തി പൊലിസ് ചോദ്യം ചെയ്തിരുന്നു. അഫാനെ കണ്ടയുടനെ എല്ലാം തകർത്തു കളഞ്ഞില്ലേ എന്നു കരഞ്ഞു കൊണ്ട് റഹിം ചോദിച്ചു. അമ്മയും അനുജനും പിച്ച എടുക്കുന്നത് കാണാൻ കഴിയാത്തതുകൊണ്ടാണ് താനിങ്ങനെ ചെയ്തതെന്നാണ് അഫാൻ മറുപടി നൽകിയത്.
കൊലനടത്തിയതിനു തലേ ദിവസം കാമുകിയിൽ നിന്ന് 200 രൂപ വാങ്ങിയിരുന്നുവെന്ന് അഫാൻ പറഞ്ഞു. 100 രൂപക്ക് ബൈക്കിൽ എണ്ണയടിച്ചാണ് അമ്മയേയും കൂട്ടി ബന്ധുവിൻ്റെ വീട്ടിൽ പണം കടം വാങ്ങാൻ പോയത്. ബാക്കി പൈസയ്ക്ക് ഇരുവരും ഭക്ഷണം കഴിച്ചു. കടം തന്നവർ വീട്ടിൽ വന്നു ചോദിക്കുന്നതിനു മുന്നേ തന്നെ അമ്മയേയും അനുജനനേയും വക വരുത്താനാണ് ശ്രമിച്ചതെന്നും അഫാൻ മൊഴി നൽകി. ആക്രമണത്തിൽ അനുജൻ മരിക്കുകയും മാതാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
