വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തിൽ കൊച്ചി പൊലീസ് കമ്മിഷണർക്ക് എ ആർ കമാൻ്റൻ്റ് റിപ്പോർട്ട് കൈമാറി. ആചാരവെടി പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടകളാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ എ ആർ ക്യാമ്പിലെ ചട്ടിയിലിട്ട് ചൂടാക്കിയത്. സാധാരണ ആവശ്യങ്ങൾക്ക് മുമ്പായി ഇത് വെയിലത്തു വച്ച് ചൂടാക്കുകയാണ് പതിവ്. എന്നാൽ ഒരു പൊലിസ് ഉദ്യോഗസ്ഥൻ്റെ സംസ്കാര ചടങ്ങിനു മുമ്പാണ് വെടിയുണ്ട ചൂടാക്കിയിട്ടില്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിഞ്ഞത്. പെട്ടന്ന് ചൂടാകാൻ വേണ്ടി ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു.
ചൂടായതോടെ വെടി മരുന്നിന് തീപിടിച്ച് അടുക്കളയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ക്യാമ്പിൽ വൻ തീപിടിത്തം ഉണ്ടാകാതിരുന്നത്. ഏറെ ജനസാന്ദ്രമായ സ്ഥലത്താണ് സംഭവം നടന്നത്. ഇത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ബ്ലാങ്ക് അമ്യൂണിഷൻ പിത്തള കൊണ്ടുള്ള കാറ്റ്ട്രിഡ്ജിനുള്ളിൽ വെടി മരുന്ന് നിറച്ചാണ് ഉണ്ടാക്കുന്നത്. വെടി ഉതിർക്കുമ്പോൾ സാധാരണ തോക്കിൽ നിന്ന് ഊർന്നുപോകുന്ന ഈയം കൊണ്ടുള്ള ഭാഗം ബ്ലാങ്ക് അമ്യൂണിഷനിൽ ഉണ്ടാകാറില്ല. അതിനാൽ ആകാശത്തേക്കു വെടിവയ്ക്കുമ്പോൾ ശബ്ദവും പുകയും മാത്രമേ ഉണ്ടാകൂ.
സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടൊകുമെന്ന് ഒരു ഉയർന്ന പൊലിസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
