മുൻ മന്ത്രിയും മുതിര്‍ന്ന സി പി ഐ നേതാവുമായ കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സി പി ഐ തീരുമാനിച്ചതായി വിവരം. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇപ്രകാരം ഒരു ധാരണ ഉണ്ടായത്.
സമീപകാലത്ത് അന്തരിച്ച സി പി ഐ നേതാവായ രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിലാണ് ഇസ്മയിലിനെതിരെ നടപടി ഉണ്ടാകുന്നത്. ആറു മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനാണ് എക്‌സിക്യൂട്ടീവ് യോഗം ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തില്‍ വരും.
ഈ സംഭവത്തില്‍ ഇസ്മയില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇന്നു നടന്ന യോഗത്തില്‍ പുറത്താക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. സി പി ഐ നേതാവ് പി രാജുവിന്റെ മരണത്തിനു പിന്നാലെ ഇസ്മയില്‍ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. ഇതാണ് ഇപ്പോൾ നടപടിക്ക് കാരണമാകുന്നത്.