യാത്രക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലുണ്ടാകുന്ന കൂലി സംബന്ധമായ തർക്കങ്ങൾ ഇല്ലാതാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു.
ഓട്ടോറിക്ഷകളില്‍ ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലും വകുപ്പ് നടപ്പിലാക്കുന്നത്.
സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിനു പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്നും യാത്രക്കാർ.
ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും
• മിനിമം കൂലി – 30 രൂപ (സഞ്ചരിക്കാവുന്ന ദൂരം – 1.5 കിലോ മീറ്റർ). 1.5 കിലോമീറ്ററിനു ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ
• ഒരുവശത്തേക്കു മാത്രം യാത്ര ചെയ്താല്‍ മീറ്റർ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം
• രാത്രി 10 മുതല്‍ പുലർച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം
വെയിറ്റിംഗ് ചാർജ്ജ്
• ഓരോ 15 മിനിട്ടിനും 10 രൂപ
• ഒരുദിവസം പരമാവധി 250 രൂപ
