വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ ശക്തൻ തുടങ്ങിയ മുതിർന്ന നേതാക്കൻമാരെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നതായി വിവരം. ഇവരൊക്കെ മത്സരരംഗത്തുള്ളത് കേരളത്തിൽ മൊത്തത്തിലുള്ള വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ നിന്ന് കോൺഗ്രസിന് നിയമസഭയിൽ പ്രാതിനിത്യമില്ലാതായിട്ട് 20 കൊല്ലം കഴിയുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിപ്പിച്ചാൽ ജില്ലയിൽ ഒട്ടാകെ അതു ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
തൃശൂർ ജില്ലയിൽ സീനിയർ നേതാവായ വി എം സുധീരൻ മത്സരത്തിനിറങ്ങിയാൽ അത് മുതൽ കൂട്ടാകുമെന്നും നേതാക്കൾ കരുതുന്നു. 16 കൊല്ലം നിയമസഭാംഗമായിരുന്ന സുധീരന് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടന്നാണ് പാർടി വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം മണ്ഡലമൊഴികെ തിരുവനന്തപുരം ജില്ലയിൽ ഒരിടത്തും വിജയിക്കാനാകാതെ പോയ കോൺഗ്രസ് ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ട്. എൻ ശക്തൻ എന്ന പഴയ കാല നേതാവിനെ പാറശാലയിലോ കാട്ടാക്കടയിലോ രംഗത്തിറക്കിയാൽ ഒരു കാലത്ത് കൈവെള്ളയിലിരുന്ന നാടാർ വോട്ടുകൾ തിരികെ വരും എന്നും കണക്കു കൂട്ടുന്നു. വട്ടിയൂർക്കാവിൽ കെ മുരളീധരന് ഇനിയും സാധ്യതയുണ്ടെന്നും അവർ പറയുന്നു.
ഈ കണക്കു കൂട്ടലുകൾക്ക് പിന്നിൽ മറ്റു ചില സാഹചര്യങ്ങൾ കൂടിയുണ്ട്. മാത്രമല്ല ഈ ഫോർമുല തിരിച്ചടിയാകുമോ എന്നും ചർച്ച ചെയ്യുന്നുണ്ട്. പിണറായി വിജയൻ സർവശക്തനായി പാർട്ടിയിലും സർക്കാരിലും നിറഞ്ഞു നിൽക്കുകയും അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ എൽ ഡി എഫിനെ നയിക്കുന്നു എന്നതും കോൺഗ്രസിനു ചെറിയ ഭീഷണിയല്ല ഉണ്ടാക്കുന്നത്. അതിനാൽ പരമാവധി സീറ്റുകൾ നേടുക എന്നതിനപ്പുറം മറ്റൊരു ചിന്തയുമില്ല കോൺഗ്രസിന്. പഴയ പുലികളെ രംഗത്തിറക്കുമ്പോൾ ആ സീറ്റുകളിൽ കണ്ണും നട്ട് ഖദർ കുപ്പായം തയ്പ്പിച്ചിരിക്കുന്ന യുവതുർക്കികൾ വീണ്ടും മാനം നോക്കി ഇരിക്കേണ്ടി വരും. അവർ ഉയർത്താൻ പോകുന്ന ഭീഷണി ചെറുതായി കാണാൻ കഴിയില്ല തന്നെ. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഉരുൾപൊട്ടൽ ഇനിയും അടങ്ങിയിട്ടില്ല എന്നത് പ്രത്യക്ഷ ഉദാഹരണമായി കാണാം. ഇനി, ഇപ്പറഞ്ഞ മുതിർന്ന നേതാക്കൾ വിജയിക്കുകയും സംസ്ഥാനത്ത് യു ഡി എഫ് ഭരണം വരികയും ചെയ്തു എന്നു തന്നെ കരുതുക. ഇവർക്കെല്ലാം അർഹിക്കുന്ന വിധത്തിൽ മന്ത്രിസഭയിൽ അർഹമായ സ്ഥാനം നൽകുക എന്നതും വലിയ കീറാമുട്ടിയാകും.
ഈ പഴയ കാല പ്രതാപികൾ കയ്യടക്കി വച്ചിരുന്ന അന്നത്തെ മണ്ഡലങ്ങളൊക്കെ ഇന്നാകെ മാറി മറിഞ്ഞിരിക്കുന്നു. അവിടത്തെ നിലവിലെ എൽ ഡി എഫിൻ്റെ എം എൽ എ മാരൊക്കെ തന്നെ ശക്തരുമാണ്. അവരോട് മുട്ടാൻ മാത്രം കരുത്തിവർക്കുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വട്ടിയൂർക്കാവ് ഇപ്പോൾ പഴയ വട്ടിയൂർക്കാവല്ല എന്ന് മറ്റാരേക്കാളും നന്നായി കെ മുരളീധരന് അറിയാം. വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഓരോ ഇഞ്ചു മണ്ണും വി കെ പ്രശാന്ത് എന്ന യുവ എം എൽ എ യ്ക്ക് പരിചിതം ; മണ്ഡലത്തിലെ വോട്ടർമാരെ പേരെടുത്തു വിളിയ്ക്കാവുന്നത്ര അടുപ്പവുമുണ്ട് അദ്ദേഹത്തിന്. പാറശാലയിൽ സി കെ ഹരീന്ദ്രൻ എന്ന ഇരുത്തം വന്ന നേതാവിനും ജനപ്രിയ എം എൽ എയ്ക്കും വെല്ലുവിളി ഉയർത്താൻ മാത്രം ശക്തന് ശക്തി പോരാ എന്നതാണ് വസ്തുത. കാട്ടാക്കടയിൽ ഐ ബി സതീഷിനും കനപ്പെട്ട എതിരാളിയാവില്ല പഴയ ഡെപ്യൂട്ടി സ്പീക്കർ. ഇത്തരത്തിൽ നിരവധി അപകടങ്ങൾ കോൺഗ്രസിൻ്റെ പുതിയ ‘ പഴയ വീഞ്ഞ് വീര്യ സിദ്ധാന്ത’ ഫോർമുലയ്ക്കു പിന്നിൽ ഉണ്ട് എന്നതും കോൺഗ്രസ് നേതാക്കൻമാർ തന്നെ പറയുന്നുണ്ട്.