കോൺഗ്രസിൻ്റെ വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരത്തു നിന്നുള്ള പാർലമെൻ്റംഗവുമായ ശശി തരൂരിനെ ബി ജെ പിയിലേക്ക് പത്മജാ വേണുഗോപാൽ സ്വാഗതം ചെയ്തു. കോൺഗ്രസ് പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ വിഷയങ്ങളും പ്രശ്നങ്ങളുമൊക്കെ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നതെന്ന് പത്മജ. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. കോൺഗ്രസിൽ നിന്നാൽ ഡെൽഹി കണ്ട് നേതാക്കൾക്ക് മടങ്ങി വരാമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ലന്നും പത്മജ ആക്ഷേപിച്ചു. തൃശൂർ ജില്ലയിൽ കോൺഗ്രസിന് ഒരു പ്രസിഡന്റിനെ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. വന്നു വന്ന് എല്ലാ നേതാക്കൻമാരേയും മുഖ്യമന്ത്രിയാക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് എന്നും പത്മജ വേണുഗോപാൽ കളിയാക്കി.