സി പി ഐ ( എം ) കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സംസ്ക്കാരം നാളെ ചങ്ങനാശേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് (ശനി) ഉച്ചയോടെ കോട്ടയത്തെ സി പി എം ജില്ലാ ഓഫിസിൽ എത്തിക്കുന്ന മൃതദേഹം 2 മണിക്കൂർ സമയം പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫിസിലേക്കു കൊണ്ടുപോകും. നാളെ (ഞായർ ) 12 മണിയോടെ സംസ്കാരം നടത്തുമെന്നാണ് ഇപ്പോൾ പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.
അർബുദ ബാധക്കുള്ള ചികിത്സ പൂർത്തിയാക്കി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വിശ്രമത്തിൽ കഴിയവേയാണ് ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചത്. വീട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കഴിഞ്ഞ 6 വർഷമായി സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു എ വി റസൽ. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.