കരട് ഭേദഗതിക്കെതിരെ കൂട്ടായ്മ

At Malayalam
1 Min Read

യു ജി സിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി സമാന ചിന്താഗതിക്കാരായ ബി ജെ പി ഇതര സംസ്ഥാനങ്ങളുമായി കൈകോർക്കും. തങ്ങളുടെ യജമാനന്മാർക്കു വേണ്ടി സംസ്ഥാന ഗവർണ്ണർമാർ കേരളത്തിലടക്കം അനാവശ്യ രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺവെൻഷനിൽ മലയാള സർവ്വകലാശാല വി സിയൊഴികെ ബാക്കി വി സിമാർ വിട്ടുനിന്നു. ഗവർണർ ഇതിനെതിരായ നിലപാട് എടുത്തതോടെയാണ് വി സി മാർ വിട്ടു നിന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയായി മാറി യു ജി സി കരടു നിര്‍ദേശങ്ങള്‍ക്കെതിരെ കേരളം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍. ആരെയും വി സിയാക്കാനാകുന്ന കരട് നിർദ്ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്നും മുഖ്യമന്ത്രി തുടർന്നു പറഞ്ഞു. ചാൻസലർമാരെ ഉപയോഗിച്ച് ബി ജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

കരട് നിര്‍ദേശങ്ങള്‍ക്കെതിരെ സർക്കാറിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയതും ശ്രദ്ധേയമായി. അടുത്ത കണ്‍വെന്‍ഷന്‍ തെലങ്കാനയില്‍ സംഘടിപ്പിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ഗമല്ലു അറിയിച്ചു. കർണ്ണാടക , തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. യു ജി സി കരട് നിർദ്ദേശങ്ങൾക്കെതിരെ എന്ന നിലക്കുള്ള നോട്ടീസുകളും ബോർഡും ഗവർണ്ണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയിരുന്നു. യു ജി സിക്കെതിരെ സംസ്ഥാനങ്ങൾക്ക് പരിപാടികൾ സംഘടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇന്നലെ ഗവർണ്ണർ അറിയിച്ചിരുന്നു. രാജ്ഭവൻ കടുപ്പിച്ചതോടെ ഭൂരിപക്ഷം വിസിമാരും കൺവെൻഷനിൽ എത്തിയതുമില്ല. എന്നാൽ ഔചിത്യബോധമുണ്ടായിരുന്നെങ്കിൽ മറ്റു വി സിമാർ കൂടി പങ്കെടുക്കുമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment