സംസ്ഥാനത്ത് പുതിയ മദ്യനയം ഉടൻ നടപ്പിലാക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഇന്നു ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിക്കാ ത്തതാണ് താമസത്തിനു കാരണം. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഡ്രൈഡേയ്ക്ക് മദ്യം നൽകുന്ന വിഷയത്തിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉണ്ടായി. അതിനാൽ കൂടുതൽ വിശദമായ ചർച്ചകൾക്കു ശേഷം മാത്രം മദ്യനയവിഷയത്തിൽ തീരുമാനം എടുക്കാം എന്ന ധാരണയിലെത്തുകയായിരുന്നു.
പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം പൊതുവായി അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയത്തിലുള്ള മാറ്റം. ബാർ കോഴ ആരോപണത്തെ തുടർന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്. തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺ ലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.