പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള എക്സൈസ് വകുപ്പു മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്തതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്നു പറഞ്ഞു കേട്ടു. അങ്ങനെയെങ്കിൽ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ തനിക്കു പകരം സംവാദത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബ്രൂവെറി വിഷയത്തിലെ സർക്കാരിൻ്റെ ഏകപക്ഷീയ തീരുമാനം അഴിമതിയാണ്. സി പി എം നടത്തുന്നത് കൊള്ളയാണ് സി പി ഐയുടെ നിലപാടു പോലും അവർ പരിഗണിക്കുന്നില്ല. സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് സി പി എമ്മിന്‍റെ ഇത്തരം ധാർഷ്ട്യമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.