റിജോയെ പൊളിച്ചടുക്കിയത് പൊലിസ് ബുദ്ധി

At Malayalam
1 Min Read

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ മോഷണം നടത്തിയ പ്രതി റിജോ ആൻ്റണിയുടെ പിടിക്കപ്പെടാതിരിക്കാനുള്ള പദ്ധതികളെല്ലാം പൊളിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ മിടുക്കു തന്നെയെന്ന് നിസംശയം പറയാം. മോഷണം പിടിയ്ക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് റിജോ കൃത്യമായ പ്ലാനിംഗ് നടത്തിയത്. ബാങ്കിൽ കവർച്ചയ്ക്കായി എത്തിയ റിജോ ആദ്യം കൗണ്ടറിലിരുന്ന ആളെ കത്തി കാണിച്ച് ഹിന്ദിയിൽ ഭീഷണിപ്പെടുത്തി മാറ്റി നിർത്തി. അന്യഭാഷക്കാരനാണ് കവർച്ചക്കാരൻ എന്നു വഴി തെറ്റിയ്ക്കാനായിരുന്നു മോഷണ ഭാഷയായി ഹിന്ദി ഇയാൾ തെരഞ്ഞെടുത്തത്.

ജീവനക്കാരെയൊന്നാകെ ഒരു മുറിക്കുള്ളിൽ പൂട്ടിയിടലായിരുന്നു റിജോയുടെ അടുത്ത നടപടി. അതിലും വിജയിച്ച റിജോ അവിടെയും രാഷ്ട്രഭാഷയെ തന്നെയാണ് കൂട്ടുപിടിച്ചത്. വേഗത്തിൽ കിട്ടുന്ന പണവും കൊണ്ട് രക്ഷപ്പെടുക എന്നതായിരുന്നു പദ്ധതി. അങ്ങനെയാണ് കയ്യിൽ കിട്ടിയ 15 ലക്ഷവുമായി രക്ഷപ്പെട്ടത്. എന്നാൽ റിജോയുടെ ഹിന്ദി ഭാഷ പ്രയോഗം ആദ്യം തന്നെ പൊലിസ് തള്ളിക്കളഞ്ഞു. അന്വേഷണം വഴി തെറ്റിക്കാനാണ് അതെന്ന് പൊലിസ് ഉറപ്പിച്ചു. കുടവയറും ശരീരഭാഷയും പ്രതി മലയാളിയാണ് എന്ന് ഉറപ്പിക്കാൻ പൊലിസിന് വേഗം സാധിച്ചു.

അന്വേഷണം പല ഇടങ്ങളിലായി പുരോഗമിക്കുമ്പോൾ പൊലിസ് മോഷണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും നാട്ടുകാർക്ക് കാട്ടിക്കൊടുത്തു കൊണ്ടിരുന്നു. ദൃശ്യങ്ങൾ കണ്ട റിജോയുടെ വീടിനടുത്തുള്ള ഒരു സ്ത്രീയാണ് ഇത് റിജോയെപ്പോലെയുണ്ട് എന്ന് ആദ്യം സംശയം പറഞ്ഞത്. റിജോ ഉപയോഗിച്ചിരുന്ന ടി വി എസ് എൻടോർക് സ്‌കൂട്ടറും വീട്ടമ്മയായ സ്ത്രീ തിരിച്ചറിഞ്ഞു. പ്രതിയിലേക്കെത്താൻ പൊലിസിന് പിന്നെ അധിക സമയം വേണ്ടി വന്നില്ല.

എത്രയും വേഗം ബാങ്കിൽ നിന്നു കിട്ടുന്ന പണമെടുത്ത് രക്ഷപ്പെടാനായിരുന്നു തൻ്റെ പദ്ധതിയെന്നും അതാണ് ആദ്യം കിട്ടിയ പണം മാത്രം എടുത്തതെന്നും റിജോ പൊലിസിനോട് സമ്മതിച്ചു. ഇത് 15 ലക്ഷം രൂപയോളം ഉണ്ടായിരുന്നു. റിജോയുമായി ഇന്നലെ പൊലിസ് ഫെഡറൽ ബാങ്ക് ശാഖയിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യമായി തെളിവുകൾ നിരത്തി പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് പൊലിസിൻ്റെ നീക്കം.

- Advertisement -
Share This Article
Leave a comment