തദ്ദേശ സ്വയംഭരണ വകുപ്പ് 2023-24 വർഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ- അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊല്ലമാണ് മികച്ച ജില്ലാ പഞ്ചായത്ത്. തിരുവനന്തപുരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മികച്ച പ്രവർത്തനം കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്താണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കാസർകോട്ടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷവും ലഭിക്കും.
കോട്ടയത്തെ വെളിയന്നൂർ ഗ്രാമ പഞ്ചായത്താണ് മികച്ച ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ ഉഴമലക്കൽ ഗ്രാമ പഞ്ചായത്ത് രണ്ടാമതും തൃശൂരിലെ മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാമതുമായി. ഗുരുവായൂരാണ് മുനിസിപ്പാലിറ്റികളിൽ ഒന്നാമത്. വടക്കാഞ്ചേരി നഗരസഭ (തൃശൂർ) രണ്ടാം സ്ഥാനവും ആന്തൂർ നഗരസഭ (കണ്ണൂർ) മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനാണ് മികച്ച കോർപ്പറേഷൻ.