ഇടയ്ക്കിടെ എതിരാളികളെ ഒന്നു പുകഴ്ത്തി സ്വന്തം പാർട്ടിക്കാരെ കുഴിയിൽ ചാടിയ്ക്കുന്ന തരൂർ ശൈലി വീണ്ടും തുടരുമെന്ന് സാരം. തരൂരിനെതിരെ, ലേഖന വിഷയത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച് കയ്യിൽ വടി കൊടുക്കണ്ട എന്ന നിലപാടിലാണത്രേ കോൺഗ്രസ് കേന്ദ്ര നേതൃത്വം. കുറേക്കാലമായി കേന്ദ്ര നേതൃത്വവുമായി തരൂർ അത്ര സുഖത്തിലുമല്ല. കോൺഗ്രസ് പ്രവർത്തക സമിതിയിലൊക്കെ അംഗമാണെങ്കിലും അത്തരത്തിലുള്ള ഒരു ചുമതലയും തരൂരിന് പാർട്ടി നേതൃത്വം നൽകാറില്ലെന്നു മാത്രമല്ല കാര്യമായ പരിഗണനയൊന്നും കേന്ദ്രത്തിലും കേരളത്തിലും അദ്ദേഹത്തിനു ലഭിക്കാറുമില്ല. ഇക്കാര്യത്തിൽ തരൂരിനും അദ്ദേഹവുമായി അടുപ്പമുള്ളവർക്കും വലിയ അമർഷമുണ്ട്.
രാഹുൽ ഗാന്ധി പാർലമെൻ്റിൽ പ്രതിപക്ഷ നേതാവായതോടെ അവിടെയും കാര്യമായ ഇടപെടലുകൾക്കൊന്നും തരൂരിന് സാധ്യതയില്ലാതെയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതും പിന്നാലെ പല സന്ദർഭങ്ങളിൽ കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ പുകഴ്ത്തിയതുമൊക്കെ പാർട്ടിയിൽ നിന്നും തരൂരിനെ അകറ്റി നിർത്തുന്നതിനിടയാക്കി എന്നതും കാണേണ്ടതുണ്ട്. കൂടാതെ കെ മുരളീധരനെ പോലുള്ള നേതാക്കളൊക്കെ അവസരം കിട്ടുമ്പോഴൊക്കെ തരൂരിനെ വിശ്വപൗരൻ എന്ന പദം കൊണ്ട് കുത്തുവാക്കു പറയാനും മടിയ്ക്കാറില്ല.
സത്യത്തിൽ ഇതൊന്നുമല്ല വിഷയം. തരൂരിനെ പോലെ ഒരു വലിയ ‘പ്രൊഫൈലുള്ള’ വ്യക്തിത്വത്തെ ഉൾക്കൊള്ളാനുള്ള പൊരുളൊന്നും നിലവിൽ കോൺഗ്രസിനില്ല എന്നതാണ് വസ്തുത. വിശ്വപൗരനോളം വളർന്ന (അഥവാ അങ്ങനെ പറഞ്ഞു പരത്തിയ) ഒരാളെ ഉൾക്കൊള്ളാനും ആ പാർട്ടിക്കാവില്ല. യു എൻ നിലവാരത്തിൽ കോൺഗ്രസ് മാറണം എന്നൊക്കെ തരൂരിനും ആഗ്രഹിക്കാനേ കഴിയൂ; സാധിക്കില്ലന്നു മാത്രം. തരൂരിനെതിരെ നടപടി എടുത്താലും ഇല്ലെങ്കിലും അധിക കാലം തരൂരിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ, വിശേഷിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ പണിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിൻ്റെ ലെവലിൽ ചിന്തിക്കാൻ, പദ്ധതികൾ ആസൂത്രണം ചെയ്യാൻ, രാഷ്ട്രീയ അഭിപ്രായങ്ങൾ പറയാൻ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സംസ്കാരം അപര്യാപ്തമാണ്. അതു വൈകാതെ തരൂർ തന്നെ മനസിലാക്കും എന്നു പ്രതീക്ഷിക്കാം. അതിനാൽ എഴുത്ത്, പ്രഭാഷണം, അന്താരാഷ്ട്ര തലത്തിലെ ബന്ധങ്ങൾ, ഇടപെടലുകൾ എന്നിവയുമായി തരൂർ വീണ്ടും പോവുക തന്നെ ചെയ്യും. തരൂരിനു തന്നോടും തന്നെ ഇഷ്ടപ്പെടുന്നവർക്കും അതു തന്നെയാകും നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം.