ഒന്നരമാസ വായ്പാ പദ്ധതി, കേന്ദ്രത്തിൻ്റെ പ്രതികാര നടപടിയെന്ന് രമേശ് ചെന്നിത്തല

At Malayalam
1 Min Read

പ്രകൃതി ക്ഷോഭത്താൽ തകർന്നു പോയ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം അനുവദിക്കുന്നതിനു പകരം 530 കോടിയുടെ വായ്പ നല്‍കി ഒന്നര മാസത്തിനകം ചെലവഴിച്ചു തീര്‍ക്കാന്‍ ആവശ്യപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

സാധാരണഗതിയില്‍ പ്രകൃതിക്ഷോഭങ്ങളില്‍ പെട്ട് നാശനഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായ ധനമാണ് നല്‍കുന്നത്. ഇവിടെ അതു നല്‍കുന്നതിനു പകരം 50 വര്‍ഷത്തെ പലിശ രഹിതവായ്പയാണ് അനുവദിച്ചിരിക്കുന്നത്. എന്നിട്ട് ഒന്നര മാസത്തിനുള്ളില്‍ റോഡു പണി, പൊതുകെട്ടിടങ്ങളുടെ പണി തുടങ്ങിയ കാലതാമസമുണ്ടാകാൻ സാധ്യതയുള്ള 16 പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരു സംസ്ഥാനത്തെ ഒട്ടാകെ വെല്ലു വിളിക്കുകയും അവിടുത്തെ ജനങ്ങള്‍ക്കു നേരെ പ്രതികാര നടപടിയെടുക്കുന്നതിനു തുല്യവുമാണന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടായിരം കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിടത്താണ് അതിന്റെ നാലിലൊന്ന് വായ്പയായി ഇപ്പോൾ നല്‍കിയിരിക്കുന്നത്.

ഒരു സംസ്ഥാനത്തോടും അവിടെത്തെ ജനങ്ങളോടും ഇത്തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ഫെഡറലിസത്തിന്റെ അന്തസത്തയ്ക്കു തന്നെ എതിരാണന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്നു വിട്ടു നില്‍ക്കുകയും മാന്യമായ വയനാട് പാക്കേജ് അനുവദിക്കുകയും വേണമെന്ന ചെന്നിത്തല ആവശ്യപ്പെട്ടു.

Share This Article
Leave a comment