രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട്‌ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ്

At Malayalam
2 Min Read

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട്‌ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. ഈ സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകൾ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.

നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. കാലത്ത് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. മരത്തണലിലേക്കോ മറ്റു തണൽ പ്രദേശത്തേക്കോ മാറിനിൽക്കണം. വെയിലത്തു നടക്കേണ്ടി വരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്തങ്ങൾ ഉപയോഗിക്കണം. ഇടക്ക് കൈ കാൽ, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികൾ, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖ ബാധകാരണം ക്ഷീണമനുഭവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

കയ്യിൽ പുറത്തു പോകുമ്പോൾ എപ്പോഴും വെള്ളം കരുതണം, ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരിക അധ്വാനമനുസരിച്ചും, വിയർപ്പനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം ഇവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക. ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

മദ്യം ചായ കാപ്പി കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും, പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിൽ ജനാലകളും കർട്ടനകളും തയ്യാറാക്കണം. രാത്രിയിൽ കൊതുക് , മറ്റ് ജീവികൾ എന്നിവ കയറാത്ത രീതിയിൽ ജനലും കർട്ടനും തുറന്നു തണുത്തുവായു അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. പകൽസമയത്ത് കഴിവതും താഴത്തെ നിലകളിൽ സമയം ചെലവഴിക്കണം.

- Advertisement -

വളരെ ഉയർന്ന ശരീര താപം, വറ്റി വരണ്ട , ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ് , മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ , അബോധാവസ്ഥ ,തൊലി ചുകന്ന് തടിക്കൽ , വേദന, പൊള്ളൽ, തൊലിപ്പുറത്ത് കുരുക്കൾ ഉണ്ടാവുക , പേശീവലിവ്, ഓക്കാനം, ഛർദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ, സൂര്യതാപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തിരമായി വൈദ്യസഹായം തേടണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment