നഴ്സിംഗ് കോളേജിലെ റാഗിംഗ്, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

At Malayalam
1 Min Read

കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു . എന്നാൽ, വിദ്യാർത്ഥി പണം നൽകിയില്ല. പണം കിട്ടില്ല എന്നു കണ്ടതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് ഫോണിൽ പകർത്തിയത്. മന:സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ തന്നെ പുറത്തു വന്നിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോളജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തി. നിലവിൽ കേസിൽ അഞ്ചു പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരുത്തും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടത്തിയിട്ടുണ്ട്. പുറത്തു വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിന്റെ സഹായവും തേടുന്നുണ്ട്. പ്രതികളുടെ ഫോണിൽ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു.

നിലവിൽ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടൻ കസ്റ്റിയിൽ വാങ്ങില്ല. വിശദമായ അന്വേഷണത്തിനു ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നൽകുന്നതും പ്രതികളെ കൊണ്ടു പോകുന്നതും.

Share This Article
Leave a comment