ചെന്താമരയെ പേടിച്ച് നാല് നിര്‍ണായക സാക്ഷികള്‍ മൊഴി മാറ്റി

At Malayalam
1 Min Read

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്‌ക്കെതിരെ നിർണായക സാക്ഷികൾ മൊഴി മാറ്റി പറഞ്ഞു. പ്രതിയെ പേടിച്ചാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താൻ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും മൊഴിയിൽ നിന്നും പിൻവാങ്ങി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി.

അതേസമയം, കൊല്ലാൻ തീരുമാനിച്ചിരുന്നതായി ചെന്താമര മൊഴി നൽകിയ അയൽവാസിയായ പുഷ്പ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നിൽക്കുന്നത് കണ്ടെന്ന മൊഴിയിലാണ് പുഷ്പ ഉറച്ചുനിൽക്കുന്നത്. പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശ പ്രതി ചോദ്യം ചെയ്യലിൽ പങ്കുവെച്ചിരുന്നു. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പയ്ക്ക് പങ്കുണ്ടെന്നും ചെന്താമ പറഞ്ഞിരുന്നു.

ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.

തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

- Advertisement -
Share This Article
Leave a comment