പാതിവില തട്ടിപ്പു പോരാതെ ട്രസ്റ്റ്‌ വക തട്ടിപ്പു വേറെയും

At Malayalam
1 Min Read

പാതിവില തട്ടിപ്പിൽ അന്വേഷണം നേരിടുന്ന തിരുവനന്തപുരത്തെ സത്യസായി ട്രസ്റ്റ് സർക്കാരിനെയും പറ്റിച്ചതായി കണ്ടെത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയുടെ പേരിലാണ് ട്രസ്റ്റ് കബളിപ്പിക്കൽ നടത്തിയിരിക്കുന്നത്. ഒരുലക്ഷം കുടുംബങ്ങൾക്ക് സ്വന്തം നിലയിൽ കുടിവെള്ളം നൽകി എന്നായിരുന്നു ട്രസ്റ്റ് പ്രചരിപ്പിച്ചത്. ഇതിനെതിരെ വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയെങ്കിലും ട്രസ്റ്റിനു മിണ്ടാട്ടമില്ല, ഒരു മറുപടിയും നാളിതുവരെ നൽകിയിട്ടുമില്ല.

ഗ്രാമീണരായ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേരളത്തിൽ 51 ലക്ഷം കുടുംബങ്ങളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർവഹണത്തിനായി സന്നദ്ധ സംഘടനകളെയും നിയോഗിച്ചിരുന്നു. ഇതിനായി ഇവർക്കു ആവശ്യത്തിനു പണം നൽകുന്നുമുണ്ടായിരുന്നു. ഇത്തരത്തിൽ ചുമതലപ്പെടുത്തിയ 41 സംഘടനകളിൽ ഒന്നാണ് സത്യസായി ട്രസ്റ്റ്.

എന്നാൽ 2024 സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് നിശ്ചയിച്ച പരിപാടിക്കായി ട്രസ്റ്റ് പുറത്തിറക്കിയ നോട്ടീസിൽ ഒരു ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിയതിന്റെ ഉദ്ഘാടനം എന്നാണ് പറഞ്ഞിരുന്നത്. ചടങ്ങിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനെയും ക്ഷണിച്ചിരുന്നു. അപ്പോഴാണ് വ്യാജ പ്രചാരണം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ചടങ്ങിൽ നിന്നും മന്ത്രി പിന്മാറിയതിനു പിന്നാലെ ജലവിഭവ വകുപ്പ് ട്രസ്റ്റിനോട് വിശദീകരണവും ചോദിച്ചിരുന്നു.

സ്വന്തം നിലയിൽ കുടിവെള്ള വിതരണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കാനായിരുന്നു ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം തേടി മൂന്നുമാസം കഴിഞ്ഞിട്ടും ട്രസ്റ്റ് മറുപടി നൽകിയിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളെയും അതുവഴി പ്രമുഖ വ്യക്തികളെയും തങ്ങളുടെ നെറ്റ്‌വർക്കിന്റെ ഭാഗമാക്കിയ ട്രസ്റ്റിൻ്റെ അനന്തകുമാറും സംഘവും വിവിധ സർക്കാർ പദ്ധതികളെയും സ്വന്തം പേരിൽ ആക്കി ബഹുജന പിന്തുണ നേടാൻ ശ്രമിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment