പാതിവില തട്ടിപ്പ് : അനന്തുകൃഷ്ണന് ജാമ്യമില്ല

At Malayalam
2 Min Read

പകുതിവിലയ്‌ക്ക്‌ ഇരുചക്രവാഹനമുൾപ്പെടെ നൽകാമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ ആയിരക്കണക്കിന്‌ ആളുകളിൽനിന്ന്‌ കോടികൾ തട്ടിയെടുത്ത കേസിൽ അനന്തുകൃഷ്‌ണന് ജാമ്യമില്ല. മൂവാറ്റുപുഴ ജുഡീഷ്യൽ ഫറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി അനന്തുകൃഷ്ണൻ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ്‌ സ്‌റ്റേഷുകളിൽ ഇതുവരെ 34 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയത് പ്രാദേശിക ഏജന്റുമാരെ ഉപയോ​ഗിച്ചാണെന്നാണ് വിവരം. പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ തേടും. സിഎസ്‍ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി.

തിരുവനന്തപുരത്ത് 11 സൊസൈറ്റികൾ രൂപീകരിച്ച് ആറുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട്. സൊസൈറ്റികളിൽ കോർഡിനേറ്റർമാരെ നിയോ​ഗിച്ചിരുന്നു. ഇവർ വഴിയാണ് പദ്ധതിയിലേക്ക് ആളുകളെ ചേർത്തതെന്നും പണം പിരിച്ചതെന്നുമാണ് വിവരം. സ്കൂട്ടർ, തയ്യൽ മിഷീൻ, ​ഗൃഹോപകരണങ്ങൾ എന്നിവ പകുതി വിലയ്ക്ക് നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അനന്തുകൃഷ്‌ണന്റെ ഫ്ലാറ്റിൽ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ സ്ഥിരം സന്ദർശകനായിരുന്നെന്ന്‌ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

എറണാകുളത്ത്‌ അനന്തുകൃഷ്‌ണൻ വാടകയ്‌ക്കെടുത്ത രണ്ട്‌ ഫ്ലാറ്റുകളിൽ എ എൻ രാധാകൃഷ്‌ണൻ പതിവായി വന്നിരുന്നതായി സുരക്ഷാ ജീവനക്കാരൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഹൈക്കോടതി ജങ്‌ഷനിലെ ഈ ഫ്ലാറ്റുകളിൽ അനന്തുകൃഷ്‌ണനും പത്തോളം കൂട്ടാളികളുമാണ്‌ താമസിച്ചിരുന്നത്‌. ഇവിടെവച്ച് ഉന്നത കോൺഗ്രസ്‌ – ബിജെപി നേതാക്കളുമായി അനന്തുകൃഷ്‌ണന്റെ കൂടിക്കാഴ്‌ചയെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

- Advertisement -

അനന്തുകൃഷ്‌ണൻ കോ–ഓർഡിനേറ്ററായ നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷനും എ എൻ രാധാകൃഷ്‌ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്‌ ഗ്രോത്ത്‌ ഓഫ്‌ ദ നേഷൻ (സൈൻ) സംഘടനയും ചേർന്ന്‌ ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സൈൻ നേതൃത്വത്തിൽ ഒറ്റയ്‌ക്കും രാധാകൃഷ്‌ണൻ വാഹനവിതരണം നടത്തിയിരുന്നു. സ്കൂട്ടർ വിതരണച്ചടങ്ങുകളിൽ ഉദ്ഘാടകരായത് എ എൻ രാധാകൃഷ്ണനും ഹൈബി ഈഡൻ എംപിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്വന്തം ചിത്രമുള്ള പോസ്റ്ററുകൾ അനന്തുകൃഷ്ണൻ പ്രചരിപ്പിച്ചിരുന്നു. ഒരു കോൺഗ്രസ് വനിതാനേതാവും ഫ്ലാറ്റിൽ പതിവായി വരാറുണ്ടെന്ന്‌ കണ്ടെത്തി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment