അവാമി ലീഗ് നേതാവിന്റെ വീട്ടിൽവച്ച് വിദ്യാർഥി സംഘടനാപ്രവർത്തരെ ആക്രമിച്ച കേസിൽ ബംഗ്ലാദേശിൽ 40 പേരെ അറസ്റ്റുചെയ്തു. ഗാസിപുർ ജില്ലയിൽ വെള്ളിയാഴ്‌ച നടന്ന ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ “ഓപ്പറേഷൻ ഡെവിൾ ഹണ്ട്’ എന്നപേരിൽ നടപടിക്ക് ഉത്തരവിട്ടിരുന്നു.
ദക്ഷിൺഖാനിലെ മുൻമന്ത്രി മെസമ്മെൽ ഹഖിന്റെ വീട്ടിൽ മുൻപ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗ് പാർടിയുടെ ബാനറുകളും കൊടികളും നശിപ്പിക്കാനെത്തിയവർക്കാണ് മർദ്ദനം നേരിട്ടത്. തുടർന്ന് വിദ്യാർഥി സംഘടന ഗാസിപുരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന്‌ശേഷം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനുമുന്നിൽ വച്ച് ഒരു വിദ്യാർഥിക്ക് വെടിയേറ്റു. ഇതേ തുടർന്നാണ് സൈന്യത്തിനെയും പൊലീസിനെയും ഉൾപ്പെടുത്തി അക്രമികളെ കണ്ടെത്താൻ സർക്കാർ നിർബന്ധിതമായത്.
മൊഹമ്മദ് യൂനുസ് താൽക്കാലിക സർക്കാർ അധികാരമേറ്റശേഷം കെട്ടടങ്ങിയ ആക്രമണം ബംഗ്ലാദേശിൽ വീണ്ടും ശക്തമാകുകയാണ്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജിബുർ റഹ്മാന്റെ ചരിത്രപ്രസിദ്ധമായ വസതിക്ക് അക്രമികൾ തീവച്ചു. ബുധനാഴ്‌ചയ്‌ക്ക് ശേഷം രാജ്യത്തിന്റെ 35 സംസ്ഥാനങ്ങളിൽ 70 ആക്രമണങ്ങൾ നടന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.