സി പി എം ആയാലും കോൺഗ്രസായാലും ഈഴവർക്ക് എന്നും അവഗണന തന്നെയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തങ്ങളുടെ കസേരയ്ക്ക് എന്തെങ്കിലും ഇളക്കം തട്ടുമ്പോൾ മാത്രമാണ് സമുദായത്തെ ഓർക്കുന്നതെന്നും വെള്ളാപ്പള്ളി യോഗത്തിൻ്റെ മുഖമാസികയായ യോഗനാദത്തിൽ കുറ്റപ്പെടുത്തി. കുറേക്കാലമായി പാർട്ടിയിലെ ഈഴവ സമുദായക്കാരെ തെരഞ്ഞു പിടിച്ച് കോൺഗ്രസ് വെട്ടി അരിയുകയാണ്. സി പി എം ലെ അവസ്ഥയും മറിച്ചല്ല.
കോൺഗ്രസിൽ നിലവിൽ ആകെയുള്ളത് കെ ബാബു എം എൽ എ മാത്രമാണ്. കെ പി സി സി പ്രസിഡൻ്റിനു പോലും ആ പാർട്ടിയിൽ വലിയ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഒരു വ്യവസ്ഥയുമില്ലാത്ത ന്യൂനപക്ഷ പ്രീണനമാണ് സി പി എം നടത്തിവരുന്നത്. എന്നാലും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ മൂന്നാമതും അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി പറയുന്നു. പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സി പി എംന് നിലവിൽ മുന്നിൽ നിർത്താനില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.