പാലക്കാട് നെൻമാറയിലെ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ പൊലിസ് ഇന്ന് കോടതിയിൽ ഹാജരാക്കും. രാപ്പകലില്ലാതെ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ചെന്താമരയെ പൊലിസ് വലയിലാക്കിയത്. നെൻമാറ പൊലിസ് സ്റ്റേഷനിലാണ് ആദ്യം ചെന്താമരയെ കൊണ്ടു പോയത്. എന്നാൽ രോഷാകുലരായ നാട്ടുകാർ സ്‌റ്റേഷൻ വളഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകും എന്നു കണ്ടതോടെ ചെന്താമരയെ പൊലിസ് ആലത്തൂരിലെ ഡി വൈ എസ് പി ഓഫിസിലേക്കു മാറ്റുകയായിരുന്നു.
മരിക്കാൻ താൻ തീരുമാനിച്ചിരുന്നതായി ചെന്താമര പൊലിസിനെ അറിയിച്ചതായാണ് വിവരം. താൻ നേരത്തേ വിഷം കഴിച്ചതായി ചെന്താമര പറഞ്ഞു. എന്നാൽ മരിച്ചില്ല. കാട്ടാനയുടെ മുന്നിൽ കയറി നിന്നിട്ടും ആക്രമിച്ചു കൊലപ്പെടുത്തിയില്ലെന്നും ചെന്താമര പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്താമരയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ പൊലിസിന് പകുതി ഒഴിഞ്ഞ വിഷക്കുപ്പിയും വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തിയും കിട്ടിയിരുന്നു. വിഷക്കുപ്പിയിലെ പകുതി വിഷം ചെന്താമര കഴിച്ചിട്ടുണ്ടാകും എന്നാണ് പൊലിസിൻ്റെ നിഗമനം.
പോത്തുണ്ടിയിലെ മട്ടായി മേഖലയിൽ പൊലിസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പിടി കൂടിയത്. പൊലീസ് തെരച്ചിലിൽ നിന്നു പിൻവാങ്ങിയ പ്രതീതി ഉണ്ടാക്കുകയായിരുന്നു. എന്നാൽ വഴികളിലുടനീളം രണ്ടു വീതം പൊലിസ് ഉദ്യോഗസ്ഥർ ഒളിഞ്ഞു നിന്നിരുന്നു. പൊലിസ് തെരച്ചിൽ നിർത്തിയതായി കരുതിയ ചെന്താമര പുറത്തിറങ്ങി വന്നപ്പോഴാണ് പിടിയിലായത്.