തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആതിരയെ വിവാഹം കഴിക്കണമെന്ന് പ്രതി യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ്. ബന്ധം കുടുംബം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
കോട്ടയത്ത് നിന്നും പിടിയിലായ ജോൺസൺ ഔസേപ്പിനെ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. രാവിലെ വൈദ്യ പരിശോധനകൾക്ക് ശേഷം കഠിനംകുളം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പലതവണ ആതിരയുടെ ഭർത്താവിനോടും കുടുംബത്തിനോടും ആതിരയെ തന്റെ ഒപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് ജോൺസൺ പോലീസിന് നൽകിയ മൊഴി. കുടുംബം ഇക്കാര്യത്തിൽ ആതിരയെ വിലക്കിയിരുന്നു. പിന്നാലെ ഒരുമിച്ച് താമസിക്കാം എന്ന തീരുമാനത്തിൽ നിന്ന് ആതിര പിന്മാറിയതോടെയാണ് ജോൺസൺ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജുലാൽ പറഞ്ഞു.
ജോൺസണും ആതിരയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയതിന് പിന്നാലെ വിഷം കഴിച്ച ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പ്രതി പൂർണ്ണ ആരോഗ്യവാൻ ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഈ മാസം 21 നാണ് ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ ശാരീരിക ബന്ധത്തിനിടെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.