സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി : സനൽകുമാർ ശശിധരനെതിരെ കേസ്

At Malayalam
1 Min Read

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സംവിധായകനെതിരെ കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളായി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നടിയെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ സനൽകുമാർ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് പൊലീസിന്റെ നി​ഗമനം.

പ്രണയാഭ്യർഥന നിരസിച്ചതിനാൽ പിന്തുടർന്ന് അപമാനിക്കുന്നുവെന്ന് 2022ൽ നടി സനൽ കുമാറിനെതിരെ പരാതി നൽകിയിരുന്നു. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കേസിൽ തിരുവനന്തപുരത്തു നിന്നും ഇയാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കേസിൽ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സനലിന് ജാമ്യം അനുവദിച്ചത്.

സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും പ്രസ്താവനകളും നടത്തുന്നെന്ന നടിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് എളമക്കര പൊലീസ് കേസെടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി 354D വകുപ്പിലാണ് സനൽകുമാർ ശശിധരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നാണ് വിവരം.

Share This Article
Leave a comment