മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ ഉത്തരവ് നല്‍കുമെന്ന് സംസ്ഥാന വനം – വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പട്രോളിങിനിടെ വനം വകുപ്പു ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനം കൈക്കൊണ്ടത്. അക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടര്‍ച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പിറകില്‍ നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ നിലവിലെ വന നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യവുമാണ്. വന നിയമങ്ങളും നിബന്ധനകളും മറികടക്കാനുള്ള സാധ്യതകളും പരിശോധിക്കും. വന – ജനവാസ മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപാത നിരീക്ഷിക്കാന്‍ വനം – പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലകളിലെ അടിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ടെന്നും ഇത്തരം പ്രദേശങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ വനം വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യത്തോട്ടം മേഖലകളിലെ അടിക്കാടുകള്‍ തോട്ടം ഉടമകള്‍ വെട്ടണം. കാടുകള്‍ വെട്ടുന്നതിന് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാട് വെട്ടാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടികൾ സ്വീകരിക്കും. കാടിനു പുറത്തുള്ള പ്രദേശങ്ങളിലെ അടിക്കാടുകള്‍ വെട്ടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. കാടുകള്‍ വെട്ടാത്ത പ്രദേശങ്ങളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി കാടു വെട്ടുന്നതിന് നടപടി സ്വീകരിക്കും.
വന്യമൃഗങ്ങള്‍ കൂടുതലായി ഇറങ്ങുന്ന ജനവാസ മേഖലകളിലും പ്രശ്‌ന സാധ്യതാ പ്രദേശങ്ങളിലും ഫെബ്രുവരി ഒന്നിനകം കൂടുതല്‍ എ ഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. വയനാട് ജില്ലയ്ക്കായി 100 ക്യാമറകളാണ് അനുവദിക്കുക. സംസ്ഥാനത്ത് ആകെ 400 എ ഐ ക്യാമറകള്‍ മാര്‍ച്ച് 31 നകം സ്ഥാപിക്കും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിട്ടുണ്ടെന്നും അടിയന്തരമായി നടപ്പാക്കാന്‍ സി സി എഫിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ് ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.