ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കുടിയേറ്റക്കാർക്കെതിരായ നടപടി ശക്തമാക്കി അമേരിക്ക. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് 500ലധികം അനധികൃത കുടിയേറ്റക്കാരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നൂറിലധികം പേരെ സൈനിക വിമാനത്തിൽ നാടുകടത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. അറസ്റ്റിലായവരെല്ലാം കുടിയേറ്റ കുറ്റവാളികളെയാണെന്നും തീവ്രവാദികളും ബലാത്സംഗകുറ്റവാളികളും ഉൾപ്പെടെ കൂട്ടത്തിലുണ്ടെന്നുമാണ് കരോലിൻ ലീവിറ്റിന്റെ വാദം. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.
അമേരിക്കയിൽ കഴിയാൻ നിയമപരമായി അനുമതിയില്ലാത്തവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപ് പറഞ്ഞിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ കുടിയേറ്റക്കാരെ പുറത്താക്കുന്നതടക്കമുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. നികൃഷ്ടവും ഹീനവുമായ പ്രവൃത്തികൾ ചെയ്യുന്ന കുടിയേറ്റക്കാർ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഭീഷണിയാമെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. കുറ്റാരോപിതരായ കുടിയേറ്റക്കാരെ തടവിൽ വയ്ക്കാനുള്ള ബില്ലും ഇതിനകം അമേരിക്കൻ സെനറ്റ് പാസ്സാക്കി. രേഖകളില്ലാത്ത വ്യക്തികളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും സംഘടനകൾക്കും കർശന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ട്രംപ് കുടിയേറ്റ വേട്ട ആരംഭിച്ചതോടെ 7,25,000 ഇന്ത്യക്കാർ ഉൾപ്പെടെ 1.4കോടി കുടിയേറ്റക്കാർ അമേരിക്കയിൽനിന്ന് പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ്. അമേരിക്കയിൽ 1.1– 1.4 കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. 2.5 കോടി പേരുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. സ്കൂളിലും കോളേജുകളിലും പോകുന്ന കുട്ടികൾ വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞവർഷം പ്യൂ റിസർച്ച് റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ മെക്സിക്കോ, സാൽവദോർ എന്നിവിടങ്ങളിൽനിന്നുള്ളവർ കഴിഞ്ഞാൽ മൂന്നാമതാണ് ഇന്ത്യക്കാർ.