സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു കീഴിലുള്ള പതിനൊന്ന് മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (എം ആർ എസ് ) 2025 – 2026 അധ്യയന വർഷത്തേക്കുള്ള അഞ്ചാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മാർച്ചു മാസം 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിലായി ഇതിനായുള്ള പ്രവേശന പരീക്ഷ നടക്കും.
കുട്ടികളുടെ, രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ വരെ മാത്രമേ ആകാവൂ. എന്നാൽ ദുർബല ഗോത്ര വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക് ഈ പരിധി ബാധകമല്ല. അപേക്ഷകൾ ഫെബ്രുവരി 10 നകം നൽകണം. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ / പ്രോജക്ട് ഓഫിസർ / ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസർ എന്നിവർ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ നൽകും. www.stmrs.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ (സി ബി എസ് സി – ഇംഗ്ലീഷ് മീഡിയം) ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാർച്ച് 8 ന് രാവിലെ 10 മുതൽ 12 വരെ നടത്തും. ആറാം ക്ലാസ് പ്രവേശനത്തിന് വരുമാന പരിധി നിർബന്ധമല്ലെന്നും അറിയിപ്പിൽ പറയുന്നു.