തലയ്ക്കു പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. 53 വയസായിരുന്നു ഹരികുമാറിൻ്റെ പ്രായം. ഹരികുമാറിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയായ മകൻ ആദിത്യ കൃഷ്ണയെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 24 കാരനാണ് ആദിത്യൻ.
ഈ മാസം 15 ന് വൈകിട്ട്, വീട്ടിൽ വച്ച് അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായതായി ബന്ധുക്കൾ പറയുന്നു.
അമ്മയുടെ ഫോൺ ആദിത്യൻ എടുത്തതും എന്തോ ആവശ്യങ്ങൾക്കായി പണം ചോദിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
വാക്കേറ്റത്തെ തുടർന്ന് ഹരികുമാറിനെ ആദിത്യൻ പിടിച്ച് തള്ളിയതായി പറയുന്നു. വീഴ്ചക്കിടയിൽ ഹരിയുടെ തല കല്ലിൽ അടിച്ച് ഗുരുതര പരിക്കു പറ്റുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതും പിന്നാലെ മരണം സംഭവിച്ചതും.