തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് വൈദികനായ അധ്യാപകൻ്റെ ക്രൂര മർദനമേറ്റു. കുന്നംകുളം ആർത്താറ്റ് ഹോളിക്രോസ് വിദ്യാലയത്തിൽ പഠിക്കുന്ന ഏദൻ ജോസഫ് എന്ന ഒമ്പതുകാരനെയാണ് സ്കൂളിലെ വൈസ് പ്രിൻസിപ്പാളും അധ്യാപകനുമായ ഫാദർ ഫെബിൻ കുറ്റൂർ ക്രൂരമായി മർദിച്ചത്. കൂട്ടുകാരുമൊത്ത് സ്കൂൾ മുറ്റത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ ചരൽ തെറിപ്പിച്ചു എന്നതാണ് വൈദികനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം.
ഏദൻ്റെ ചെവിയിൽ പിടിച്ച് വലിച്ചിഴച്ച് 100 മീറ്ററോളം അകലത്തുള്ള സ്‌റ്റാഫ് റൂമിൽ കൊണ്ടുപോയി വടി കൊണ്ടും കൈ കൊണ്ടും അതിക്രൂരമായി അധ്യാപകൻ മർദിക്കുകയായിരുന്നുവത്രേ. അവശനായ കുട്ടിയെ വീട്ടുകാരെത്തി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. ആശുപത്രി അധികൃതരാണ് പൊലിസിൽ വിവരമറിയിച്ചത്.
പൊലിസ് ആശുപത്രിയിലെത്തി എഫ് ഐ ആർ രേഖപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വൈദികനെതിരെ കേസെടുത്തു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.