ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ വി ഡി സതീശൻ ആരാണെന്ന് എ പി അനിൽകുമാർ. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി കോൺഗ്രസുകാർക്ക് ബാലികേറാ മലയെന്ന് ശൂരനാട് രാജശേഖരൻ. ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കാമെന്ന് മറ്റൊരാൾ. നേതാക്കൾ തമ്മിൽ ചേർച്ചയില്ലെങ്കിൽ താൻ തുടരുന്നതിൽ എന്തു കാര്യമെന്ന് കേന്ദ്ര നേതാവ് ദീപ ദാസ് മുൻഷി. തനിയ്ക്കൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ എന്ന് സതീശൻ. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയിലെ ചർച്ചകളാണിതൊക്കെ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അതിരൂക്ഷമായ രീതിയിലാണ് നേതാക്കൾ ഇന്നലെ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി ഇപ്പോഴേ എന്തിനാണ് പിടിവലി നടത്തുന്നതെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ ചോദിച്ചു. അത് എന്തു മാത്രം തെറ്റായ സന്ദേശമാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിലും പൊതു സമൂഹത്തിലും ഉണ്ടാക്കുന്നത് എന്നറിയാമോ എന്നും കുര്യൻ വിവർശനം ഉന്നയിച്ചു. വയനാട്ടിലെ ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യയിൽ കുറേക്കൂടി കാര്യക്ഷമതയോടെ ഇടപെടണമായിരുന്നെന്നും വിമർശനമുണ്ടായി. എങ്കിലത് പാർട്ടിക്ക് ഇത്രയേറെ ക്ഷീണമുണ്ടാക്കില്ലായിരുന്നു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡൻും തമ്മിൽ ഒരു ചേർച്ചയുമില്ല. ഇവർ രണ്ടാളും ഒരുമിച്ച് വാർത്താസമ്മേളനം അടിയന്തരമായി വിളിക്കേണ്ടതുണ്ട്. അത് പഴയതു പോലെ പിടിവലിയിൽ അവസാനിക്കരുത് എന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
പി വി അൻവറിനെ മുന്നണിയിൽ എടുക്കുന്നതിന് തിടുക്കം വേണ്ടന്നും നേതാക്കൾ നിലപാടെടുത്തു. ഇത്രയും ബഹളം ഉണ്ടാക്കാനുള്ള വിഷയങ്ങൾ പാർട്ടിയിൽ ഇല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശനങ്ങൾക്കിടയിൽ അധിക വിഷയങ്ങളൊന്നും ചർച്ചക്കെടുക്കാതെ യോഗം വേഗത്തിൽ അവസാനിപ്പിക്കുകയും ചെയ്തു.