തന്നെ തട്ടിക്കൊണ്ടു പോയതു തന്നെയാണെന്നും പിന്നിൽ തൻ്റെ പാർട്ടിക്കാരായ സി പി എം കാരാണന്നും കൂത്താട്ടുകുളം നഗരസഭാ കൗൺസിലറായ കലാ രാജു പറഞ്ഞു. തൻ്റെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നു കാണിച്ച് കലയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 45 പേർക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. സി പി എം ൻ്റെ കൂത്താട്ടുകുളം ഏരിയ സെക്രട്ടറി, നഗരസഭയുടെ ചെയർപെഴ്സണും വൈസ് ചെയർമാനും സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവർ കേസിൽ പ്രതികളാണ്.
അവിശ്വാസപ്രമേയത്തിനിടെ, തന്നെ സി പി എം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായാണ് കലാരാജു പറയുന്നത്. ബഹളത്തിനിടെ തൻ്റെ കാല് കാറിൻ്റെ ഡോറിൽ കുരുങ്ങിയപ്പോൾ അതങ്ങ് വെട്ടിമാറ്റിത്തരാമെന്ന് തട്ടിക്കൊണ്ടുപ്പോയവരിൽ ഒരാൾ പറഞ്ഞെന്നും തൻ്റെ മകൻ്റെ പ്രായം പോലും ആ യുവാവിനില്ലെന്നും കല പറയുന്നു. തൻ്റെ വസ്ത്രം വലിച്ചഴിക്കാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ചതായും കല പറയുന്നു. അവസാനം സി പി എം ഏര്യാ കമ്മിറ്റി ഓഫിസിൽ എത്തിക്കുകയായിരുന്നെന്നും കല തുടർന്നു പറഞ്ഞു.
സി പി എം ൻ്റെ 14 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നു വിട്ടു നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നതായും കലാ രാജുവടക്കം എല്ലാവരും ഏര്യാ കമ്മിറ്റി ഓഫിസിൽ ഉണ്ടായിരുന്നതുമായാണ് സി പി എം നേതാവും നഗരസഭാ വൈസ് ചെയർമാനുമായ സണ്ണി കുര്യാക്കോസ് പറഞ്ഞത്. ആരും ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതിനു ഘടക വിരുദ്ധമായ അഭിപ്രായമാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലാരാജു പറയുന്നത്.
