ചാലക്കുടി പുഴ എന്നു കേൾക്കുമ്പോൾ സാധാരണ മലയാളി ആദ്യം കലാഭവൻ മണിയെ ഓർക്കും. ആ കലാകാരൻ്റെ പാട്ടും വർത്തമാനവുമെല്ലാം അത്രത്തോളം ചാലക്കുടി പുഴയുമായി ചേർന്നു കിടക്കുന്നു. എന്നാൽ ഇപ്പോൾ ചാലക്കുടി പുഴയുടെ പരിസരവാസികൾ ആകെ ഭീതിയിലാണ്. കാരണം മറ്റൊന്നുമല്ല, കടുത്ത വേനലിൽ പുഴയിലെ വെള്ളം വറ്റിയതോടെ പുഴയിലെ താമസക്കാരായ മുതലകൾ കൂട്ടത്തോടെ കരയിലേക്കു കയറി വരുന്നു എന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
പുഴയിലുള്ള വലിയ ഗർത്തങ്ങളിലാണ് മുതലകൾ വസിക്കുന്നത്. സാധാരണ ഗതിയിൽ രാത്രി സമയത്തു മാത്രമേ ഇവ കരയിലേക്ക് കയറാറുള്ളു. അപൂർവമായിട്ടാണ് ഇവ പകൽ സമയത്ത് പുഴക്കരയിൽ കാണപ്പെടുക. അതും ഒന്നോ രണ്ടോ എണ്ണം. എന്നാൽ ഇപ്പോൾ അവസ്ഥ മാറി. പകൽ നേരങ്ങളിൽ മിക്കപ്പോഴും മുതലകൾ പുഴക്കരയിലുണ്ട്, അതും കൂട്ടത്തോടെ. അതിരപ്പിള്ളി മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ചാലക്കുടി പുഴയിലും ഇറങ്ങാറുണ്ട്. അത് വലിയ ആപത്തിനിടയാക്കും എന്നതാണ് നാട്ടുകാരുടെ ആശങ്ക. ചാലക്കുടി പുഴയിലെ ക്രമാതീതമായ മുതലകളുടെ സാന്നിധ്യത്തിനെ തുടർന്ന് അഗ്നിരക്ഷാസേനാവിഭാഗവും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.