ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവർ കസ്റ്റഡിയിൽ, ഒരു മരണം, 20 പേർക്ക് സാരമായ പരിക്ക്

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്തുണ്ടായ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. അപകട ശേഷം ഇയാൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. നിസാര പരിക്കു പറ്റിയ ഇയാൾ ആശുപത്രിയിൽ ചികിത്സ നടത്തിയ ശേഷം ഒരു സുഹൃത്തിൻ്റെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ അരുൾദാസാണ് കസ്റ്റഡിയിലായ ഡ്രൈവർ. പെരുങ്കടവിള നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട കുടുംബങ്ങളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഒരു സ്ത്രീ മരിക്കുകയും 50 ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഒരു കൊടും വളവിൽ വച്ച് ലോറിയെ ഓവർടേക് ചെയ്ത് കയറിയ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിൻ്റെ കാഠിന്യം കുറച്ചതെന്ന് പൊലിസ് അറിയിച്ചു. ബസിൻ്റെ ചില്ലുകൾ തകർത്ത് ആളുകളെ പുറത്തെത്തിച്ച് തങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ അവർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ അഗ്നിരക്ഷാ സേന, പൊലിസ്, വൈദ്യുതി വകുപ്പ് ജീവനക്കാർ തുടങ്ങിയവരുമെത്തി രക്ഷാപ്രവർത്തനം മികച്ച രീതിയിൽ നടത്തുകയായിരുന്നു.

തിരുവനന്തപുരം കാവല്ലൂർ സ്വദേശിയായ 61 കാരി ദാസിനിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയിലുള്ള കുടുംബങ്ങളാണ് വിനോദയാത്രയ്ക്കു പോയത്. ഇതിൽ 20 പേരോളം സാരമായ പരിക്കിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർക്കു വേണ്ട എല്ലാ സൗകര്യങ്ങൾക്കുമുള്ള നിർദേശം മെഡിക്കൽ കോളജ് അധികൃതർക്ക് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു.

Share This Article
Leave a comment