ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. കേസിലെ അന്തിമവാദം കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്മ എഴുതിനൽകി.
കേസിൽ തമിഴ്നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മ (24) യും അമ്മാവൻ നിർമലകുമാരൻനായരും (60) കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജി എ എം ബഷീറാണ് വിധിപറഞ്ഞത്. മകനെ സ്‌നേഹിച്ച് കൂടെക്കൂട്ടി കൊന്നുകളയുകയായിരുന്നെന്നും ഗ്രീഷ്‌മയ്‌ക്കും അമ്മാവനും കടുത്ത ശിക്ഷതന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാരോണിന്റെ അച്ഛൻ ജയരാജും അമ്മ പ്രിയയും പറഞ്ഞു.
ഇരുപത്തിനാലുകാരനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആന്തരികാവയവങ്ങൾ തകരാറിലായ ഷാരോൺ ചികിത്സയിരിക്കെ 11–-ാം ദിവസമാണ് മരിച്ചത്.
പാറശാലയ്‌ക്ക് സമീപം സമുദായപ്പറ്റ് ജെ പി ഭവനിൽ ജയരാജിന്റെ മകനായ ഷാരോൺ കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായിരുന്നു. 2021ൽ ഷാരോണും ഗ്രീഷ്‌മയും സൗഹൃദത്തിലായി. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്‌മയുടെ ആദ്യഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്‌തു.
പിന്മാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് കൊലപാതകം. ഇതിന് സഹായിച്ചതിനാണ് അമ്മ സിന്ധുവിനെയും അമ്മാവൻ നിർമലകുമാരൻനായരെയും പ്രതിചേർത്തത്. സിന്ധുവിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത്‌കുമാർ, അൽഫാസ് മഠത്തിൽ, വി എസ് നവനീത്‌കുമാർ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.