നടൻ സെയ്‌ഫ് അലി ഖാനെ ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നടിയും സെയ്ഫിന്റെ പങ്കാളിയുമായ കരീന കപൂറിന്റെ മൊഴിയെടുത്തു. ബാന്ദ്രയിലെ വസതിയിലെത്തിയാണ് പൊലീസ് കരീനയുടെ മൊഴി എടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 30 ലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഇതുവരെയും ആരെയും അറസ്റ്റുചെയ്‌തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പുലർച്ചെ ഒരാളെ അറസ്റ്റുചെയ്‌തെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും പൊലീസ് ഇത് നിഷേധിച്ചു.
പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായും അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അക്രമിക്ക് സെയ്‌ഫിന്റെ വീട്ടുജോലിക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആക്രമണത്തിനുശേഷം ഇയാൾ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ രക്ഷപ്പെട്ടതായാണ് കരുതുന്നത്.
അതേസമയം, മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്‌ഫിനെ അത്യാഹിത വിഭാഗത്തിൽനിന്ന് മാറ്റി. ദിവസങ്ങൾക്കുള്ളിൽ സെയ്‌ഫ് ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. ആറു തവണ കുത്തേറ്റ സെയ്‌ഫിന്റെ നട്ടെല്ലിന് സമീപം തറച്ചിരുന്ന കത്തിയുടെ ഭാഗം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തിരുന്നു.