സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്ത് തർക്ക കേസിലെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരണവുമായി ആർ ബാലകൃഷ്ണപിള്ളയുടെ മകനും സംസ്ഥാന ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. കോടതിയിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതലേ തനിയ്ക്കുണ്ടായിരുന്നതായി ഗണേഷ് കുമാർ പറഞ്ഞു.
സത്യം മെല്ലെ ഇഴഞ്ഞു പോകുമ്പോൾ അസത്യം പാഞ്ഞു പോകും എന്നാണല്ലോ പറയാറ്. ഒരു ക്രമക്കേടും ജീവിതത്തിൽ ഇന്നതുവരെ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിനു വേണ്ടി താൻ കാത്തിരിക്കുകയാണ്. പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങൾ വലിച്ചിഴക്കേണ്ടിയിരുന്നോ എന്ന് ഇപ്പോൾ പ്രശ്നമുണ്ടാക്കിയവർ ആത്മപരിശോധന നടത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.